ദൈവമക്കളെന്ന് പേർ പറയുന്ന നമ്മുടെ ഓരോരുത്തരുടെയും ജീവിതസാഹചര്യങ്ങളിൽ ലളിതഭാഷയിൽ പറഞ്ഞാൽ നാം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അത്യന്തം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഠിനാധ്വാനവും രാപ്പകലില്ലാത്ത വേലയും നമ്മൾ ആഗ്രഹിക്കുന്ന പലതിലേക്കും നമ്മെ കൊണ്ട് എത്തിക്കുന്നുണ്ട്. എൻ്റെ അധ്വാനഫലം ദൈവം അനുഗ്രഹിച്ചു എന്ന് അല്‌പം തലക്കനത്തോടെ നമുക്ക് പറയാനും സാധിക്കും. നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഏറി വരുന്നതല്ലാതെ അതൊരിക്കലും കുറഞ്ഞുവരുന്നില്ല കുറയാൻ സാധ്യതകളുമില്ല. അപ്രകാരം നാം ഈ ജീവിതം മുൻപോട്ടു നയിക്കുമ്പോൾ ഒരു നിമിഷം നിങ്ങളുടെ ഈ ഓട്ടത്തെ ഒന്ന് തടഞ്ഞു നിർത്തി ചോദിക്കാൻ ഞാൻ ഇപ്രകാരം ആഗ്രഹിക്കുന്നു.
“യഥാർത്ഥമായി ദൈവം നിങ്ങളിൽ നിന്നും ഇതാണോ ആഗ്രഹിക്കുന്നത്? “
അധ്വാനിക്കേണ്ടെന്നോ സ്വന്തം അധ്വാനം കൊണ്ട് നേട്ടമുണ്ടാക്കുന്നത് തെറ്റാണെന്നോ ഞാൻ ഇവിടെ പ്രതിപാദിക്കുന്നില്ല, മറിച്ച് ദൈവഹിതപ്രകാരമാണോ ഈ അധ്വാനവും നേടിയെടുക്കലും എന്ന് നാം ചിന്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ലോകവും പാരമ്പര്യവും സാമുദായിക കീഴ്വഴക്കങ്ങളെല്ലാം നമ്മളെ പറഞ്ഞു പഠിപ്പിക്കുന്നത് ‘ താൻ പാതി ദൈവം പാതി ‘ എന്ന തത്വങ്ങളാണ്. എന്നാൽ ദൈവമക്കളായ നമ്മിൽ നിന്നും ദൈവം ഒരിക്കലും അപ്രകാരം ആഗ്രഹിക്കുന്നില്ല. ദൈവവചനവും നമ്മെ അപ്രകാരം പഠിപ്പിക്കുന്നില്ല.
ഭൂമിയിലെ അദ്ധ്വാനം കൊണ്ട് ഉപജീവനം കഴിക്കുവാൻ ദൈവവചനം പ്രതിപാദിച്ചിട്ടുണ്ടെങ്കിലും പിന്നീട് മുൻപോട്ട് കടന്നുപോകുമ്പോൾ നാം ദൈവത്തിൽ പൂർണ്ണ ആശ്രയം വയ്ക്കണം എന്നു തന്നെയാണ് ദൈവം ഉറപ്പിച്ചു പറയുന്നത്. പലപ്പോഴും നമ്മുടെ ജീവിതത്തിൽ ദൈവത്തേക്കാളും ദൈവം വാഗ്ദാനം ചെയ്ത കാര്യങ്ങളേക്കാളും പ്രാധാന്യം കല്പിക്കുന്നത് നമ്മുടെ തീരുമാനങ്ങൾക്കും അതിൻ്റെ പൂർത്തീകരണത്തിനും ആണ്. പലപോഴും ദൈവഹിതം ആണെങ്കിൽ നടക്കും എന്ന് നമ്മൾ ആവർത്തിച്ചു പറയുമെങ്കിൽ പോലും ഹൃദയത്തിൻ്റെ ആഴത്തിൽ എൻ്റെ ആഗ്രഹം നടക്കണം എന്നുള്ള ഒരു ചിന്ത അല്ലെങ്കിൽ തീരുമാനം പലപ്പോഴും നമ്മെത്തന്നെ അല്ലെങ്കിൽ നമ്മുടെ ചിന്താമണ്ഡലത്തിൽ വാക്പോരുകൾ നടത്താറുണ്ട് എന്ന് നമുക്ക് നിസ്സംശയം സമ്മതിക്കേണ്ടി വരും. അതിൻ്റെ ഉത്തമ ഉദാഹരണമാണ് അതിനു വേണ്ടിയുള്ള നമ്മുടെ ഓട്ടങ്ങൾ.
ദൈനംദിന ജീവിതത്തിലെ കാരണവും അക്കാരണവുമായ സംഭവവികാസങ്ങളും ഞെരുക്കങ്ങളും പലപ്പോഴും നാം പോലുമറിയാതെ തിരക്കിൻ്റെ ലോകത്തിലേക്ക് നമ്മെ വലിച്ചിഴയ്ക്കുമ്പോൾ തിരഞ്ഞെടുക്കേണ്ട നല്ല അംശത്തെക്കുറിച്ച് നാം അശ്രദ്ധരായിപോകാറുണ്ട്. കർത്താവായ യേശുക്രിസ്തു താൻ ആഴമായി സ്നേഹിച്ച മാർത്തയുടെയും മറിയയുടെയും ലാസറിൻ്റെയും ബെഥാന്യയിലെ ഭവനത്തിലേക്കു കടന്നുചെല്ലുന്ന പ്രശസ്തമായ ബൈബിൾ ഭാഗം നമുക്കേവർക്കും സുപരിചിതമാണ്. അവിടെ മാർത്തയോട് കർത്താവ് ഇപ്രകാരം പറയുന്നു “മാർത്തയേ മാർത്തയേ നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അല്പമേ വേണ്ടൂ അല്ല ഒന്നുമതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളോട് അപഹരിക്കുകയുമില്ല. ലൂക്കൊസ് 10:41,42 “
നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും ഇപ്രകാരമുള്ള ചില ഓർമ്മപ്പെടുത്തലുകൾ അനിവാര്യമാണ്. നമ്മുടെ തിരഞ്ഞെടുപ്പുകൾ , നമ്മുടെ തീരുമാനങ്ങൾ , നാം പരിപാലിക്കുന്ന പല അംശങ്ങളും യഥാർത്ഥമായി ദൈവം നമ്മളിൽ നിന്നും ആഗ്രഹിക്കുന്നത് തന്നെയാണോ? മുകളിൽ പ്രതിപാദിച്ച വാക്യശകലങ്ങൾ കൃത്യവും വ്യക്തവുമായി നമ്മെ ഉദ്ബോധിപ്പിക്കുന്ന നല്ല അംശം എന്നു പറയുന്നത് നാമും ദൈവവുമായി വ്യക്തിപരമായി നാം ചിലവിടുന്ന സമയങ്ങളും , ദൈവ വചനം കേൾക്കുന്നതും , ദൈവിക കൂട്ടായ്മ ആചരിക്കുന്നതും , പ്രാർത്ഥിക്കുന്നതും , ഉപവസിക്കുന്നതും, ദൈവവചനത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്നതും , നമ്മുടെ ഈ ലോകജീവിതത്തിൽ ദൈവം നമുക്ക് നല്കിയിരിക്കുന്ന എന്ത് നന്മയിലും മേന്മയിലും ഉപരിയായി ദൈവശബ്ദത്തിന് ഇടം കൊടുക്കുന്നത് തന്നെയാണ് എന്നത് തർക്കത്തിന് ഇടമില്ലാത്ത വചനവസ്തുതയാണ്. പലപ്പോഴും , മറ്റൊരു രീതിയിൽ പറഞ്ഞാൽ എല്ലായ്പ്പോഴും ശത്രുവിൻ്റെ ലക്ഷ്യവും നാം തിരഞ്ഞെടുക്കുന്ന അംശങ്ങളിൽ കൈകടത്തുക എന്നുള്ളതു തന്നെയാണ്. ഒഴിവാക്കാനാകാത്ത ലോകൈകമാകുന്ന പ്രതിബദ്ധതകൾ നമ്മുടെ ഐഹിക ജീവിതത്തിൽ ഏറിവരുമ്പോൾ ദൈവം നമ്മളിൽ നിന്നും ആഗ്രഹിക്കുന്ന സമയത്തിനാണ് ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നത്. പല വ്യക്തികളും പറയുന്നത് ഇപ്രകാരമാണ് ;24 മണിക്കൂർ സമയമൊന്നും ഒന്നിനും തികയുന്നില്ല. ഓടി ഓടി തളർന്നിട്ടും ഒന്നും എവിടെയും എത്തിക്കാൻ പറ്റുന്നില്ല , അതുകൊണ്ട് എനിക്ക് പ്രാർത്ഥിക്കാൻ പറ്റുന്നില്ല , വചനം വായിക്കാനോ ഉപവസിക്കാനോ സമയമില്ല എന്നൊക്കെ. ഈ ഓട്ടത്തെയാണ് വ്യർത്ഥമായ ഓട്ടങ്ങൾ എന്ന് തുടക്കത്തിലേ പ്രതിപാദിച്ചത്.
ലോകപ്രകാരമുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് ഈ ഓട്ടങ്ങൾ എല്ലാം വിലയേറിയതാണ് അഥവാ പ്രതിഫലമുള്ളതാണ്. അത് സ്ഥാനവും മാനവും ധനവും പേരും പ്രശസ്തിയും സമൂഹത്തിൽ ഉന്നതസ്ഥാനവും നാലുപേരുടെ ഇടയിൽ പ്രഥമവ്യക്തിത്വവും എല്ലാം പ്രദാനം ചെയ്യുന്നതാണ്, അതു തന്നെയാണ് ഏറ്റവും വലിയ കെണിയും. യേശു കർത്താവ് പ്രതിപാദിച്ച നല്ല അംശം ഒരിക്കലും കെണിയല്ലാ മറിച്ച് നിതൃതയിലേക്കുള്ള നമ്മുടെ പ്രവേശനത്തിനുള്ള അനുമതി ചീട്ടാണ്. ദൈവവചനം കൃത്യമായി നമ്മെ ഉദ്ബോധിപ്പിക്കുന്നു നമ്മുടെ ജീവൻ്റെ ആധാരം സമൃദ്ധിയോ,വസ്തുവകയോ, വൻ നിക്ഷേപങ്ങളോ അല്ലാ , മറിച്ച് ദൈവവിഷയമായി സമ്പന്നനാകുന്നതത്രേ. ലൂക്കൊസ് സുവിശേഷം 12-ാം അദ്ധ്യായം 16 മുതൽ 21 വാക്യങ്ങൾ അങ്ങേയറ്റം വസ്തുനിക്ഷിപ്തമാണ്. ദൈവം നമ്മോട് ഓരോരുത്തരോടും ചോദിക്കുകയാണ് ;”മൂഡാ, ഈ രാത്രിയിൽ നിൻ്റെ പ്രാണനെ നിന്നോട് ചോദിച്ചാൽ പിന്നെ നീ ഓടിയതും ഒരുക്കിവച്ചതും നേടിയതും നേടാൻ കൊതിച്ച് ഓടുന്നതും മനക്കോട്ട കെട്ടുന്നതും എല്ലാം ആർക്കാകും? “
പ്രിയ ദൈവമക്കളേ , ഒന്നുകൂടെ നമുക്ക് ഇരുത്തി ചിന്തിക്കാം. നമ്മുടെ ദൈനംദിന ജീവിത ആവശ്യങ്ങൾക്കുപരിയായി നാം ഓടുന്ന ഓട്ടങ്ങൾ ക്രിസ്തുവിലേക്ക് നമ്മെ ചേർത്തണയ്ക്കുന്നതാണോ അതോ അകലേക്കു മാറ്റുന്നതാണോ? ഒരുപാട് സാഹചര്യസമ്മർദ്ദങ്ങളെയും മറ്റും കാര്യകാരണ സഹിതം നമുക്ക് പറയാൻ സാധിക്കും. അതിലെല്ലാം ഉപരിയായി മാർത്തയോട് കർത്താവ് പറഞ്ഞ കാര്യം ആണ് നാം ഓർക്കേണ്ടത് ;അല്പമേ വേണ്ടൂ; അല്ല ഒന്നു മതി”. മറിയ തിരഞ്ഞെടുത്തപോലെ നല്ല അംശം തിരഞ്ഞെടുത്ത് വ്യർത്ഥവും പിതൃ പാരമ്പര്യവുമായുള്ള നമ്മുടെ നടപ്പിൽ നിന്നും ഓട്ടത്തിൽ നിന്നും നമ്മെ തൻ്റെ നിർദ്ദോഷവും നിഷ്‌കളങ്കവുമായുള്ള വിലയേറിയ രക്തം തന്നു വീണ്ടെടുത്ത ക്രിസ്തുയേശുവിനും പിതാവായ ദൈവത്തിനും പരിശുദ്ധാത്മാവിനും കീഴ്പ്പെട്ട് നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം തൻ്റെ രാജ്യമഹിമക്കായി നമുക്ക് സ്ഥിരതയോടെ ഓടാം. ഈ ഓട്ടത്തിൽ ഒരിക്കൽ പോലും പ്രാതിനിത്യം ലോകത്തിൽ ആയി ഓട്ടത്തെ വ്യർത്ഥമാക്കാതെ പൗലൊസ് അപ്പൊസ്തലനെ പോലെ ക്രിസ്തുവിനെ മുറുകെപ്പിടിച്ച് ഓടിയാൽ ഒടുക്കത്തെ നാളിൽ നല്ലവനും വിശ്വസ്ഥനുമായ ദാസരേ എന്ന വിളിക്കായി നമുക്ക് നമ്മെത്തന്നെ ഒരുക്കാൻ സാധിക്കും. കർത്താവ് വേഗം വരാറായി

















